NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച (abduction and rape) കേസിലെ പ്രതി പിടിയിലായി. പയ്യന്നൂർ സ്വദേശി ടി. കൃതീഷിനെ (39) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ്‌ ചെയ്തത്. മാനന്തവാടിയിലെ അടച്ചിട്ട വീട്ടിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന് സമീപത്ത് നിലയുറപ്പിച്ച പോലീസ് പ്രതി അവിടെ എത്തിയപ്പോൾ തന്ത്രപരമായി വലയിലാക്കി.

 

നിർമാണത്തൊഴിലാളിയായ പ്രതി കൃതീഷ് നേരത്തേ പെൺകുട്ടിയുടെ വീട്ടിനടുത്ത് ജോലിചെയ്തിരുന്നു. ഈ അടുപ്പമുപയോഗിച്ച് ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടു പോയതായാണ് പരാതി. നല്ലൊരു ഭാവി ജീവിതവും പെൺകുട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നു.

കഴിഞ്ഞ മേയ് 25നാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്ക് പോകുന്നു എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യം പെൺകുട്ടിയുമായി കോയമ്പത്തൂരിലേക്കാണ് കൃതീഷ് പോയതെന്ന് പോലീസ് കണ്ടെത്തി. അവിടെനിന്നും ചെന്നൈയിലും എറണാകുളത്തും ഒക്കെ കറങ്ങിയ ശേഷമാണ് പെൺകുട്ടിയുമായി മാനന്തവാടിയിൽ എത്തിയത്. അവിടെ വാടകക്ക് വീട് എടുത്താണ് പെൺകുട്ടിയെ ഒളിപ്പിച്ചത്.

മാനന്തവാടിയിൽ വച്ച് പെൺകുട്ടിയെ പീഡനത്തിന് പ്രതി ഇരയാക്കിയതായാണ് പരാതി. പുറത്ത് പോകുമ്പോൾ പെൺകുട്ടിയെ വീടിന് അകത്തിട്ടു പൂട്ടും. മൊബൈൽ ഫോൺ നൽകിയിരുന്നില്ല.  കൃതീഷ് മാനന്തവാടിയിൽ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ഏറെ തിരഞ്ഞാണ് വാടകവീട് കണ്ടെത്തിയത്.

മറ്റൊരു പെൺകുട്ടിയെ കൂടി കൃതീഷ് വലയിലാക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. രണ്ടാമത്തെ പെൺകുട്ടിയുമായി നടത്തിയ ചാറ്റിങ്ങിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. ചാറ്റിങ്ങിൽ രണ്ടാമത്തെ പെൺകുട്ടിക്കും നല്ലൊരു ഭാവി വാഗ്ദാനം ചെയ്താണ് വശത്താക്കാനുള്ള ശ്രമം നടത്തിയത്. നേരത്തെ വിവാഹിതനായ കൃതീഷിന് ഒരു കുട്ടിയുമുണ്ട്.

അടുത്ത പെൺകുട്ടി വലയിലായാൽ ആദ്യം കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ ഉപേക്ഷിക്കാനോ അപായപ്പെടുത്താനോ പ്രതി തുനിഞ്ഞേനെ എന്നാണ് പോലീസ് കരുതുന്നത്.

തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡിവൈ.എസ്.പി. എം.പി. വിനോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.വി. ദിനേശൻ, എസ്.ഐ. പി.സി. സഞ്ജയകുമാർ, അഡീഷണൽ എസ്.ഐ.മാരായ ദിലീപ്, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

പ്ലസ് ടു വിദ്യാർഥിനിയെ കാണാതായ സംഭവം നാട്ടിൽ വലിയ വിവാദങ്ങളാണ് വഴിവെച്ചത്. സാമൂഹ മാധ്യമങ്ങളിൽ പോലീസിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പോലീസ്  വില കൽപ്പിച്ചില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *