പത്താം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് നേരെ പീഡനശ്രമം; ആളൊഴിഞ്ഞ വഴിയില്‍ വച്ച് കടന്നുപിടിച്ചു, യുവാവ് അറസ്റ്റില്‍
1 min read

തിരുവനന്തപുരം കിളിമാനൂരില്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്‍മുക്ക്, റൂബി മന്‍സിലില്‍ അല്‍അമീന്‍(32) ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 11 ന് വൈകുന്നേരം 4.30-നായിരുന്നു സംഭവം. വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വീടുകള്‍തോറും വില്‍ക്കുന്നയാളാണ് പ്രതി. ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.
പ്രതിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പ്രതിക്കായി അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.