NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ്‌ലൈന്‍; വിവരം അറിയിച്ചത് പെണ്‍കുട്ടി

കോഴിക്കോട് ചാലിയത്ത ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ്‌ലൈന്‍. 16 വയസുകാരിയായ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈന്റെ കൃത്യമായ ഇടപെടല്‍ മൂലം തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹക്കാരം അധികൃതരെ അറിയിച്ചതെന്നാണ് വിവരം. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടിയ ശേഷം ഉദ്യോഗസ്ഥരെത്തി ചടങ്ങ് തടയുകയായിരുന്നു.

സബ് കളക്ടര്‍ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹ പന്തലില്‍ നിന്ന് പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശേഷം സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കി നല്‍കി.

ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബം പറഞ്ഞത്. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. വിവാഹം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് കേസെടുക്കാതിരുന്നതെന്ന് ബേപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.