NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പ്പന നടത്തിയ കേസിൽ അന്വേഷണം കേരളത്തിലേക്കും

പ്രതീകാത്മക ചിത്രം

തമിഴ്നാട്ടിലെ ഈറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും . തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നല്‍കിയെന്നു കണ്ടെത്തിയതോടെ ആശുപത്രി അധികൃതർക്ക് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചു.

 

അമ്മയും കാമുകനും നിര്‍ബന്ധിച്ച് 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്‍പന നടത്തിയതു ജൂണ്‍ ഒന്നിനാണു പുറത്തറിയുന്നത്. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വില്‍പന.

ഇതില്‍ പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പൊലീസ്, ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രികള്‍ക്ക് സമന്‍സ് അയച്ചത്.

അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രികള്‍ കൂടുതല്‍ സമയം തേടി. നിലവിൽ 16 വയസുള്ള പെണ്‍കുട്ടിയെ ആര്‍ത്തവം തുടങ്ങിയ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്‍പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകന്‍ സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഒരോ തവണയും അണ്ഡം നല്‍കിയതിനു അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തല്‍. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *