NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരും, വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരും. തുടര്‍ച്ചയായി മൂന്ന് ദിവസം മണിക്കൂറുകളോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തത്. ഇരുപതോളം ചോദ്യങ്ങള്‍ ചോദിച്ചു.

യങ് ഇന്ത്യന്‍ കമ്പനിയുടെ സംയോജനം, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എ.ജെ.എല്‍.) കോണ്‍ഗ്രസ് നല്‍കിയ വായ്പ, മാധ്യമസ്ഥാപനത്തിനുള്ളിലെ ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

 

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ചോദ്യം ചെയ്യല്‍ വീണ്ടും തുടരും. വെള്ളിയാഴ്ചയാണ് നാലാം ഘട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യന്‍ എന്ന രാഹുലിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്.

 

അതേസമയം രാഹുല്‍ഗാന്ധിയെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് പൊലീസും കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടിയിരുന്നു.

 

വനിത നേതാക്കളെ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വന്‍ സംഘര്‍ഷമാണുണ്ടായത്. നിരത്തുകളില്‍ ടയറുകള്‍ കത്തിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ രോഷപ്രകടനം നടത്തി.

 

അതേസമയം എഐസിസി ആസ്ഥാനത്തെ പൊലീസ് അതിക്രമത്തിലും ഇഡിയുടെ നടപടിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തും. രാജ്ഭവനുകള്‍ ഉപരോധിക്കാനാണ് തീരുമാനം. ഡല്‍ഹിയിലുള്ള എംപമാരോട് അവിടെ തന്നെ തുടരാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചു. തുടര്‍ സമരപരിപാടികളെ കുറിച്ചുള്ള ആലോചനയും ഇന്ന് നടക്കും. രാഹുല്‍ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും കോണ്‍ഗ്രസ് പ്രതിഷേധം നടത്തും.

 

Leave a Reply

Your email address will not be published. Required fields are marked *