വെന്നിയൂരിൽ തമിഴ്നാട് സ്വദേശി മരിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്; ഡ്രൈവർ അറസ്റ്റിൽ


തിരൂരങ്ങാടി: വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റോഡരികിൽ കണ്ടത്തിയ സംഭവത്തിന് വഴിത്തിരിവ്. മരണം ബസ് ഇടിച്ചതിനെത്തുടർന്ന്. ഇടിച്ച് കടന്നുകളഞ്ഞ കെ.എസ്.ആർ.ടി.സി ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തമിഴ്നാട് സേലം സ്വദേശി പടിഞ്ഞാറേൽ വീട്ടിൽ നടരാജനെ(63)യാണ് കഴിഞ്ഞ ചൊവ്വാഴ്ച വെന്നിയൂർ ദേശീയപാതയോരത്ത് മരിച്ചനിലയിൽ കണ്ടത്തിയത്.
മൂന്നുപതിറ്റാണ്ടിലേറെയായി വെന്നിയൂരിൽ താമസിക്കുന്ന നടരാജൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. കണ്ണൂർ ഡിപ്പോയിലെ കെ.എ സ്.ആർ.ടി.സി ബസ് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുമ്പോൾ പുലർച്ചെ നാലുമണിയോടെയാണ് അപകടം. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് തിരൂരങ്ങാടി പോലിസ് നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി. സി ബസ് ഇടിച്ചാണ് നടരാജൻ മരിച്ചതെന്ന് വ്യക്തമായത്. തുടർന്ന് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ ബസ് ഡ്രൈവർ തലശ്ശേരി കുറ്റിയാട്ട് വടുവൻ കുളം എം.വി ഷാജി (36) യെ പോലിസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പലർച്ചെ 5.30ന് നാട്ടുകാരാണ് നടരാജനെ പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ജീവനുണ്ടെന്ന് കരുതി നാട്ടുകാർ വിവരം സന്നദ്ധ പ്രവർത്തകൻ താണിക്കൽ ഫൈസലിനെ വിവരം അറിയിക്കുകയായിരുന്നു. നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ബസ് കണ്ടെത്താൻ സഹായിച്ചത് പൊട്ടിയ ഇൻഡിക്കേറ്റർ തിരൂരങ്ങാടി വെന്നിയൂരിൽ തമിഴ്നാട് സ്വദേശി പടിഞ്ഞാറേൽ വീട്ടിൽ നടരാജനെ ഇടിച്ച കെ.എ സ്.ആർ.ടി.സി ബസ് കണ്ടെത്താൻ തെളിവായത്പൊട്ടിയ ഇൻഡിക്കേറ്ററിന്റെ കഷ്ണം. മൃതദേഹം കിടന്ന സ്ഥലത്തുനിന്നും ബസിന്റേതെന്ന് കരുതുന്ന ഇൻഡിക്കേറ്റ്റിന്റെ കഷ്ണം കണ്ടെടുത്ത പോലിസ് വെന്നിയൂർ മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള സി.സി.ടി.വി പരിശോധിക്കുകയായിരുന്നു. എന്നാൽ സി.സി.ടി.വി.വിയിൽ വ്യക്തത ലഭിച്ചില്ല. തുടർന്ന് കോഴിക്കോട് ഡിപ്പോയിലെ സി.സി.ടി.വി പരിശോധിക്കുകയും ഇൻഡിക്കേറ്റർ പൊട്ടിയ ബസ് ദൃശ്യമാവുകയുംചെയ്തു.
ഡിപ്പോയിലെ ബുക്കിൽ ബസിന്റെ ഇൻഡിക്കേറ്റർ പൊട്ടിയതായി ഡ്രൈവർ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇൻഡിക്കേറ്ററും ഇളകി പ്പോന്ന പെയിന്റ് ഭാഗവും ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.