കറുത്ത സാരിയില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍; ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം, രണ്ട് പേര്‍ അറസ്റ്റില്‍


മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കറുത്ത വസ്ത്രത്തില്‍ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
മുഖ്യമന്ത്രിയുടെ വാഹനം വഴിയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10ല്ധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി പരിപാടി ആയതിനാലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരിപാടിയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണുള്ളത്.രാവിലെയാണ് ഇഎംസ് അക്കാദമിയില്‍ നവകേരള ശില്‍പശാലയില നടക്കുന്നത്. ശേഷം വൈകിട്ട് അഞ്ച് മണിക്ക് അയ്യങ്കാളി ഹാളില്‍ റേഷന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനവും നടക്കും.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പൊലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ പൊലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.