ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ല, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു: മുഖ്യമന്ത്രി


ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും, വഴി തടയുന്നുവെന്നുമെല്ലാം ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തവരാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അത്തരം ചരിത്രമുള്ള ഇവിടെ വഴി തടയുകയാണ് എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ പാടില്ല എന്നതാണ് മറ്റൊരു പ്രചാരണം. കറുത്ത നിറത്തിലുള്ള മാസ്‌കോ വസ്ത്രമോ ധരിക്കരുതെന്നാണ് പ്രചരിപ്പിക്കുന്നത്. ഈ പരിപാടിയില്‍പങ്കെടുത്ത പലരും പല തരത്തില്‍ വസ്ത്രം ധരിച്ചവരാണ്. സംസ്ഥാനത്ത് ഏതൊരാള്‍ക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്‌നമേയില്ല. ചില ശക്തികള്‍ നിക്ഷിപ്ത താത്പര്യത്തോടെ ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
കേരളത്തിലേത് ഇടതുപക്ഷസര്‍ക്കാരാണ്. സംസ്ഥാനത്ത് ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന് മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. ഇപ്പോള്‍ നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.