NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗൂഢാലോചന അന്വേഷിക്കണം; സ്വപ്‌ന സുരേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി കെ ടി ജലീല്‍

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിന് എതിരെ പൊലീസില്‍ പരാതി നല്‍കി കെ ടി ജലീല്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്.

സ്വപ്ന തെറ്റായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിന്റെ പരാതിയില്‍ സര്‍ക്കാര്‍ കേസെടുത്തേക്കുമന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീല്‍ പരാതി നല്‍കിയത്.

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരണത്തിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനാണ് പരാതി. സ്വപന പറഞ്ഞത് എല്ലാം മസാല തേച്ച് വീണ്ടും അവതരിപ്പിക്കുകയാണ്. നേരത്തെ മൂന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്തിയിട്ടില്ല.

ഇനി ലോകാവസാനം വരെ അന്വേഷിച്ചാലും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിയില്ല. അസത്യത്തെ സത്യമാക്കാന്‍ ഏത് അന്വേഷണ ഏജന്‍സികള്‍ക്കാണ് കഴിയുകയെന്നും കെ ടി ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും ബിജെപിയും ഒരുമിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാര്‍ കേരളത്തില്‍ ഒരുമിച്ച് നീങ്ങുകയാണെന്നും ജലീല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!