പട്ടാപ്പകൽ അലമാര കുത്തിത്തുറന്ന് പണവും സ്വർണ്ണവും കവർന്നു: പ്രതിയെ കണ്ട് വീട്ടുകാർ അമ്പരന്നു


കോഴിക്കോട്: പട്ടാപ്പകല്‍ വീട്ടിൽ നിന്ന് പണവും സ്വർണ്ണവും മോഷ്ടിച്ച ക്കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട്ടാണ് സംഭവം. പരിയങ്ങാട് തടയില്‍ പുനത്തില്‍ പ്രകാശന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു.
കുറ്റം സമ്മതിച്ച പ്രതിയെ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛന്‍ കരുതിവച്ചിരുന്ന 50,000 രൂപ അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് അലമാരയില്‍ നിന്ന് 30,000 രൂപ എടുത്ത് ഇയാള്‍ വാഹനത്തിന്റെ കടം വീട്ടിയിരുന്നു. അത് അച്ഛന്‍ മനസിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു.
ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാള്‍ വലിയ ഷൂ ധരിക്കുകയും തകര്‍ത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയില്‍ മനപൂര്‍വ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.