മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി കത്തില്‍ എഴുതിയിട്ടുണ്ട്.
ഫോണിന് അടിമയായതിനാല്‍ സുഹൃത്തുക്കള്‍ ആരുമില്ല. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടു.തനിക്ക് സംഭവിച്ചത് ഉണ്ടാകാതിരിക്കാന്‍ സഹോദരിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ബിടിഎസ് എന്ന സംഗീത ബാന്‍ഡിന്റെ വീഡിയോകളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഫോണിന് അടിമയായ പെണ്‍കുട്ടിക്ക് വിഷാദ രോഗം ബാധിച്ചുവെന്നും ഇതേ തുടര്‍ന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി വളരെ പക്വതയോടെയാണ് എല്ലാ കാര്യത്തെയും സമീപിച്ചിരുന്നതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലോക്ക്ഡൗണോടെയാണ് കുട്ടി ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. അതേസമയം വിദ്യാര്‍ത്ഥിനി സമൂഹ മാധ്യമങ്ങള്‍ അമിതമായി ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.