ഇടുക്കിയിലെ കൂട്ടബലാത്സംഗം; രണ്ട് പേര് കൂടി അറസ്റ്റില്‍


ഇടുക്കിയിലെ പൂപ്പാറയില്‍ പതിനഞ്ച് വയസുകാരി കൂട്ടബലാത്സംഗ ത്തിനിരയായ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. മധ്യപ്രദേശുകാരായ മഹേഷ്കുമാര്‍ യാദവ്, ഖേം സിങ് എന്നിവരെ രാജാക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് രണ്ട് പേര് കൂടി തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആണ്‍സുഹൃത്തിന് ഒപ്പം തേയില തോട്ടത്തില്‍ ഇരിക്കവെയാണ് പതിനഞ്ചുകാരിക്ക് നേരെ ആക്രമണമുണ്ടായത്.
സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കവെ പ്രദേശ വാസികളായ അഞ്ച് പേര് എത്തി സുഹൃത്തിനെ അടിച്ച് ഓടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ സ്ഥലത്തു ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
പെണ്‍കുട്ടിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പെണ്‍കുട്ടി. രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.