താനൂര്‍ പൊലീസ് യുവാവിനെ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
1 min read

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ. റസാഖ് കെ.പി.എ മജീദ് എം.എല്‍.എ മുഖേന നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ മാസം 28-നാണ് കേസിനാപ്ദമായ സംഭവം. 31- ന് കെ.പി.എ മജീദ് എം.എല്‍.എ യുവാവിനെ വീട്ടിൽ സന്ദര്‍ശിച്ചിരുന്നു.
പൊതുപ്രവര്‍ത്തകനായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (22) എന്ന യുവാവിന് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റിരുന്നു.
ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മർദ്ദനമേറ്റ യുവാവ് രക്തം ചര്‍ദ്ദിച്ചു. ആന്തരീകാവയവത്തിനും പരിക്ക് പറ്റി.
സ്റ്റേഷനില്‍ നടന്നത് ക്രൂരമായ മര്‍ദ്ദനമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിൽ വ്യക്തമാണ്.
താനൂര്‍ സ്റ്റേഷനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നും കള്ളക്കേസുകളില്‍ കുടുക്കുമെന്ന പൊലീസ് ഭീഷണി ഭയന്ന് പരാതികള്‍ നല്‍കാതെ പോകുന്നതോടെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ താനൂര്‍ സ്റ്റേഷനില്‍ പതിവാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. താനൂര്‍ പൊലീസിന്റെ ക്രൂരനടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.