ജാമ്യോപാധി ലംഘിച്ച് തൃക്കാക്കരയില്‍ ബിജെപി പ്രചാരണത്തിനെത്തി; പിസി ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി പോലീസ്


തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.
കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ജോര്‍ജിന് നിർദേശം നല്‍കിയിരുന്നത് .ആരോഗ്യപ്രശ്നം മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നാണ് പിസി ജോർജ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇന്ന് തൃക്കാക്കരയിലെത്തിയ പിസി ജോര്‍ജ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണ് പോലീസിന്‍റെ വാദം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടും.
വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.ഇന്ന് ഹാജരാകാത്ത പക്ഷം അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായി മാറും. ഇക്കാര്യം പോലീസ് ഹൈക്കോടതിയെ അറിയിക്കും. ഇതുവഴി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പോലീസ് നടത്തിയേക്കും.