NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹരിത വിവാദം; പ്രശ്നം പരിഹരിക്കണമെങ്കില്‍ MSF സംസ്ഥാന പ്രസിഡന്റിനെയും പുറത്താക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

1 min read

കോഴിക്കോട്: മുസ്ലിം ലീഗില്‍ (Muslim League) വീണ്ടും ഹരിത വിവാദം പുകയുന്നു. എം എസ് എഫ് (MSF) രക്ഷപ്പെടണമെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെ പുറത്താക്കണമെന്ന് പറയുന്ന ഇ ടി മുഹമ്മദ് ബഷീറിന്‍റെ ശബ്ദരേഖ പുറത്ത്.  പി കെ നവാസ് വന്ന വഴി ശരിയല്ലെന്നും  ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറയുന്നു. ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ പുറത്താക്കിയത് ന്യായീകരിക്കാനാവില്ലെന്നും പരാമര്‍ശമുണ്ട്.

ഹരിതയ്ക്ക് ഒപ്പം നിന്ന എംഎസ്എഫ് നേതൃത്വത്തെ വെട്ടി നിരത്തിയതില്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്ന് തെളിയിക്കുന്നതാണ് ഇ ടി മുഹമ്മദ് ബഷീറിന്‍റെ സംഭാഷണം. രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ലീഗ് ഹൗസില്‍ വെച്ച് സംസ്ഥാന നേതാക്കളുമായി സംസാരിക്കുന്നതാണ് ശബ്ദരേഖ. ഹരിത വിഷയം സങ്കീര്‍ണമാക്കിയതും എംഎസ്എഫില്‍ പ്രശ്‌ന‌‌ങ്ങള്‍ സൃഷ്‌ടിച്ചതും സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറയുന്നു.

 

ശബ്ദരേഖ ഇങ്ങനെ- “നമ്മൾ കഴിഞ്ഞ ആഴ്ച്ച ഇരുന്നപ്പോൾ ഞാൻ വളരെ സ്‌ട്രോങ് ആയി സ്റ്റാൻഡ് എടുത്തു. നവാസ് വന്ന വഴി ശരിയല്ല എന്ന്. നവാസ്  ഹരിതയുമായി തെറ്റി എം എസ് എഫുകാരുമായി തെറ്റി. അങ്ങനെ എല്ലാവരുമായി തെറ്റി. പ്രശ്നങ്ങൾ പൂർണമാവാൻ അവനെയും കൂടി (നവാസിനെയും) ഒഴിവാക്കണം.

നേതൃത്വത്തിന്‍റെ നടപടികളില്‍ എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങി പല നേതാക്കള്‍ക്കും വിയോജിപ്പുണ്ടായിരുന്നെന്ന സൂചനകളെ ശരിവെക്കുകയാണ് ഇ ടിയുടെ വാക്കുകള്‍. പി കെ നവാസ് വന്ന വഴി ശരിയല്ലെന്ന് പറയുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ലക്ഷ്യമാക്കുന്നത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കൂടിയാണ്.

ലൈംഗികാധിക്ഷേപ പരാതി ഉയര്‍ന്നിട്ടും എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെ പിന്തുണയ്ക്കുന്നത് സാദിഖലി ശിഹാബ് തങ്ങളും പിഎംഎ സലാമുമാണെന്ന് പുറത്താക്കപ്പെട്ട ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന പി കെ നവാസിനെ എം എസ് എഫ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ രണ്ട് വര്‍ഷം മുന്‍പ് തന്നെ എം എസ് എഫില്‍ വലിയ കലാപം ഉയര്‍ന്നിരുന്നു. പത്ത് ജില്ലാ കമ്മിറ്റികളുടെ എതിര്‍പ്പ് മറികടന്നാണ് നവാസിനെ സംസ്ഥാന പ്രസിഡന്റായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.

പിന്നീട് എം എസ് എഫ് യോഗത്തില്‍ വെച്ച് ഹരിത നേതാക്കള്‍ക്കെതിരെ പി കെ നവാസ് ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതി വലിയ വിവാദങ്ങളിലേക്ക് നയിച്ചു. അപ്പോഴും നവാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് നേതൃത്വവും സാദിഖലി ശിഹാബ് തങ്ങളും സ്വീകരിച്ചത്. തുടര്‍ന്ന് ഹരിത നേതാക്കള്‍ക്കൊപ്പം നിന്ന എം എസ് എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പുറത്താക്കുകയും ചെയ്തു. ഇവരെ പുറത്താക്കിയ നടപടി ശരിയല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു.

ഇ ടി മുഹമ്മദ് ബഷീറിന്‍റെ വാക്കുകള്‍ ഇങ്ങനെ- “ലത്തീഫിനോട് ചെയ്തതിന്ന് ഒരു ന്യായീകരണവും പറയാനില്ല. സലാം പറയുന്നത് തങ്ങൾ  പറഞ്ഞു തങ്ങൾ പറഞ്ഞു എന്നാണ്. ഇനി തങ്ങൾ പറഞ്ഞാൽ തന്നെ… ഇഷ്യുസ് ഒക്കെ ഉണ്ടാകും. മാറ്റിയില്ലെങ്കിൽ എന്ത് അപകടമായിരുന്നു വരാൻ പോകുന്നത്.  നമ്മളിത് സംഘടനയില്‍ പറഞ്ഞതാണ്, പറഞ്ഞിട്ടൊന്നും കാര്യമില്ല..”

നവാസിനെ പുറത്താക്കിയാല്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടൂ എന്ന നിലപാട് ഇ.ടി. ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്. മുസ്ലിം ലീഗില്‍ ചില നേതാക്കളെങ്കിലും നീതിക്കൊപ്പം നില്‍ക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. പി കെ നവാസ് വന്ന വഴി ശരിയല്ലെന്ന കാര്യം രണ്ട് വര്‍ഷമായി എം എസ് എഫിലും പിന്നീട് പുറത്തും പറഞ്ഞതാണ്.

പരാതി ഉയര്‍ത്തിയ ഹരിത നേതാക്കള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമായിരുന്നെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. ഹരിത വിഷയത്തിൽ തീരുമാനമെടുത്താതാണെന്നും ഇനിയും ചർച്ച ചെയ്യാൻ പാർട്ടിക്ക്‌ താൽപര്യമില്ലെന്നുമായിരുന്നു മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രതികരണം.

സംഭാഷണം വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്നതാണെന്നും സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ട്‌ സമൂഹത്തിൽ മാന്യതയും വ്യക്തിത്വവുമുള്ള ആളുകളെ അവഹേളിക്കുന്നത്‌ ശരിയായ രീതിയല്ലെന്നും പി.എം.എ സലാം കൂട്ടിചേർത്തു.

ഹരിതയെ പിരിച്ചുവിടാനും ഒപ്പം നിന്ന എം.എസ്.എഫ് നേതാക്കളെ പുറത്താക്കാനുമുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ശബ്ദരേഖ പുറത്തുവന്നതോടെ ലീഗ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരികയാണ്.

Leave a Reply

Your email address will not be published.