NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജ ഡോക്ടറെ പിടികൂടിയ സംഭവം; മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന കർശനമാക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ (Medical Colleges) ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേസമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ.

ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കു കൂടി പാസ് അനുവദിക്കുകയുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി.ജി. ഡോക്ടറാണെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവിനെ പിടികൂടിയത്. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *