കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; 11 രാജ്യങ്ങളിലായി 80 പേർക്ക് രോഗം സ്ഥിരീകരിച്ചു


ലോകത്ത് കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതിനോടകം 11 രാജ്യങ്ങളിലായി 80 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. രോഗം വ്യാപിക്കാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയിൽ പറഞ്ഞു.
നിരവധി രാജ്യങ്ങളിലെ മൃഗങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത് പ്രദേശവാസികളിലേക്കും യാത്രക്കാരിലേക്കും പടരുമെന്നും ഈ ആഴ്ച ആദ്യത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എസ്, യു.കെ, കാനഡ, ഫ്രാൻസ്, ജർമനി, ബെൽജിയം, സ്‌പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചത്.
സാധാരണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കുരങ്ങുപനി കണ്ടുവരാറുള്ളത്. യൂറോപ്പിലും യു.എസിലും രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന് പിന്നാലെ ലോകം വീണ്ടും പകർച്ചവ്യാധി ഭീഷണിയിലായി.
പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. 10 ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ വകഭേദവും, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതാണ് കണ്ടുവരുന്നത്.