ഇനി കുട തുറന്നുപിടിച്ചുള്ള യാത്ര വേണ്ട; ഇരുചക്രവാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


തിരുവനന്തപുരം: മഴക്കാലമയാല്‍ പതിവ് കാഴ്ചകളിലൊന്നാണ് കുട തുറന്നുപിടിച്ചുള്ള ഇരുചക്രവാഹന യാത്രകള്‍. വാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള യാത്രകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.
കുടയില്‍ കാറ്റ് പിടിച്ചാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നത് വലിയ അപകടത്തിലേക്കെത്തിക്കും. അതിനാല്‍ ഇത്തരം യാത്രകള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടര്‍വാഹന വകുപ്പ്. കുടപിടിച്ചുള്ള ഇരുചക്ര വാഹന യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്.
മുന്‍കരുതലുകള്‍
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പതിവിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സൂക്ഷിച്ച് വാഹനമോടിച്ചാല്‍ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാം. യാത്രയ്ക്ക് മുമ്പ് വൈപ്പര്‍, ബ്രേക്കുകള്‍, ഹെഡ്‌ലൈറ്റ്, ടയറുകള്‍, ഹോണ്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കനത്ത മഴയുള്ളപ്പോള്‍ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. വലിയ വാഹനങ്ങള്‍ക്ക് തൊട്ടുപിറകിലായി വാഹനമോടിച്ചാല്‍ ഇവയുടെ ടയറുകളില്‍നിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകും. അതുകൊണ്ട് നിശ്ചിത അകലം പാലിച്ച് വാനഹമോടിക്കാന്‍ ശ്രദ്ധിക്കുക.
അമിതവേഗം ഒഴിവാക്കുക. സഡന്‍ ബ്രേക്കിങ് ഒഴിവാക്കുക.
തേയ്മാനം സംഭവിച്ച ടയറുകള്‍ നിര്‍ബന്ധമായും മഴക്കാലത്തിന് മുമ്പ് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം തെന്നി വലിയ അപകടങ്ങള്‍ വരെ സംഭവിച്ചേക്കാം.
മഴക്കാലത്തിന് മുമ്പ് വാഹനം പൂര്‍ണമായും സര്‍വീസിംഗ് ചെയ്യുന്നത് നന്നായിരിക്കും.