അധ്യാപകൻ 60 ഓളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; മലപ്പുറത്ത് സിപിഎം നേതാവിനെതിരെ കേസ്


മലപ്പുറം: അധ്യാപകനായിരിക്കെ അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അധ്യാപകനെതിരെ പരാതി. മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് സ്കൂളിലെ പൂർവ വിദ്യാര്ഥിനികളാണ് മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെയാണ് പരാതിനൽകിയത്.
മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് സ്കൂളിൾ അധ്യാപകനായിരുന്ന 30 വർഷത്തിനിടെ സ്‌കൂളിലെ 60 ഓളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. കൂട്ട ലൈംഗിക ആരോപണം ഉയർന്നതോടെ ഇയാൾ മലപ്പുറം നഗരസഭയിലെസിപിഎം കൗൺസിലര്‍ സ്ഥാനം രാജിവെച്ചു.
മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അധ്യാപകനെ പുകഴ്ത്തി സ്‌കൂള്‍ മാനേജ്‌മെന്റും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൂര്‍വവിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ഫേസ്ബുക്കില്‍ ശശികുമാറിന്റെ പീഡനങ്ങളെ കുറിച്ച് ഒരു പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ഇയാളുടെ പീഡനങ്ങൾക്ക് ഇരയായവരും അതിജീവിച്ചവരും പോസ്റ്റിന് താഴെ തങ്ങൾ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പ്രതികരണകുറിപ്പ് പങ്ക് വെക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്. അധ്യാപകനായിരിക്കെ ശശികുമാര്‍ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ഇയാൾ കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ
പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും ആരോപണത്തിൽ പറയുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പൂര്‍വ വിദ്യാര്‍ഥിനികളുടെ ലൈംഗിക പരാതിയെ തുടര്‍ന്ന് കെ.വി. ശശികുമാറിനെ സിപിഎം ബ്രാഞ്ച് അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരെത്തെ മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടർച്ചയായി മൂന്ന് തവണ ഇയാൾ നഗരസഭാ കൗൺസിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.