ഗൂഗിളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാം; നിർണായക മാറ്റവുമായി കമ്പനി
1 min read

വിവരണശേഖരണത്തിനായി പലരും ആശ്രയിക്കാറുള്ളത് ഗൂഗിളിനെ (Google) ആണ്. ഓരോ മിനിറ്റിലും 3.8 ദശലക്ഷം സേർച്ചുകൾ (Google Search) ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. പലരുടെയും വ്യക്തിഗത വിവരങ്ങളും ഗൂഗിളിൽ ലഭ്യമാണ്. എന്നാൽ ഇതു സംബന്ധിച്ച് ഒരു നിർണായക മാറ്റം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
പുതിയ ഫീച്ചർ അനുസരിച്ച്, വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സേർച്ച് റിസൾട്ടുകളിൽ നിന്നും ഒഴിവാക്കാൻ ഉള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കും. ദീർഘകാലമായുള്ള ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഫോൺ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാം ഇത്തരത്തിൽ നീക്കം ചെയ്യാം. ലോഗ്-ഇൻ വിവരങ്ങൾ പോലുള്ള രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ നീക്കം ചെയ്യാനും ഗൂഗിളിന്റെ പുതിയ നയം അനുവദിക്കുന്നുണ്ട്.
“ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ ലഭ്യമാകുന്നത് ആശങ്കാജനകമായ കാര്യമാണ്. അനാവശ്യമായ സമ്പർക്കത്തിനോ ശാരീരിക ഉപദ്രവത്തിനോ വരെ ഇത് ഉപയോഗിക്കപ്പെടാം,” ഗൂഗിൾ സേർച്ചിന്റെ ഗ്ലോബൽ പോളിസി ലീഡ് ആയ മിഷേൽ ചാങ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
എന്തൊക്കെ വ്യക്തിഗത വിവരങ്ങളാണ് ഗൂഗിളിൽ നിന്ന് ഇത്തരത്തിൽ നീക്കം ചെയ്യാൻ കഴിയുക. വിശദമായി അറിയാം
2. ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകൾ അല്ലെങ്കിൽ നിങ്ങളുടെ ഒപ്പിന്റെ ചിത്രങ്ങൾ പോലെയുള്ള ഐഡന്റിറ്റി മോഷണത്തിലേക്ക് നയിച്ചേക്കാവുന്ന ഉള്ളടക്കം.
3. ലോഗിൻ ഐഡികളും പാസ്‌വേഡുകളും പോലുള്ള ഹാക്കിംഗിന് സാധ്യതയുള്ള വിശദാംശങ്ങൾ.
4. മെഡിക്കൽ രേഖകളും മറ്റ് രഹസ്യ വിവരങ്ങളും.
5. പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങൾ.
6. നിങ്ങളുടെ പേരുമായി ബന്ധപ്പെട്ട പോണോഗ്രഫി കണ്ടന്റുകൾ
ഗൂഗിൾ സേർച്ചിൽ നിന്ന് എങ്ങനെ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാം?
ഗൂഗിൾ സേർച്ചിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യാൻ സാധിക്കില്ല. അതിനായി ഒരു അഭ്യർത്ഥന (request) നൽകുകയും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന പേജുകളുടെ യുആർഎൽ (URL) ലിങ്കുകളും ആ സേർച്ച് പേജുകളും അഭ്യർത്ഥനയിൽ ഉൾപ്പെടുത്തുകയും വേണം. ഈ വിവരങ്ങൾ സംബന്ധിച്ച സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം. തുടർന്ന് ഗൂഗിൾ നിങ്ങൾ സമർപ്പിച്ച അഭ്യർത്ഥന വിലയിരുത്തും.
ഗൂഗിൾ സേർച്ചിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്താലും ഇന്റർനെറ്റിൽ നിന്ന് അവ നീക്കം ചെയ്യപ്പെടില്ല എന്ന കാര്യം അറിഞ്ഞിരിക്കണമെന്നും കമ്പനി വ്യക്തമാക്കി.