ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീംകോടതി


ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നല്‍കുന്നത് തുടരാമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഡയറി ഫാം പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് ഡയറി ഫാമും പൂട്ടിയിരുന്നു. ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം തുടരാം, ദ്വീപില്‍ ഡയറി ഫാം പ്രവര്‍ത്തിക്കാമെന്നുമാണ് സുപ്രിംകോടതി ഉത്തരവ്. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.