ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിയുടെ മരണം; സ്ഥാപനത്തിന് ലൈസന്‍സില്ല, പൂട്ടിച്ച് അധികൃതര്‍
1 min read

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് കട പൂട്ടിച്ച് അധികൃതര്‍. ചെറുവത്തൂരിലെ കടയ്ക്ക് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ കട പൂട്ടി സില്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റു കടകളിലും പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള പറഞ്ഞു.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് മരിച്ചത്. 16 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദേവനന്ദയെ കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ 14ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയും വയറിളക്കവും മൂലം ഇന്നലെ നാലു പേരെയും ഇന്ന് രാവിലെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടയില്‍ നിന്ന് ഷവര്‍മ പാഴ്സലായി വാങ്ങിക്കൊണ്ടു പോയ ചിലരും ചികിത്സ തേടിയിട്ടുണ്ട്.
ഛര്‍ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയത്.