NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ലെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

 

14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. മുന്‍ എം.എല്‍.എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്.

വിദേഷ്വ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം ഫോർട്ട് പൊലീസ് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.

 

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.

 

വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലർ ഫ്രണ്ട്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, സി.പി.എം സെക്രട്ടേറിയറ്റ്, പി.ഡി.പി അടക്കം പി.സി. ജോർജിനെതിരെ രംഗത്തുവരികയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് ജോർജിനെതിരെ കേസെടുത്തത്.”,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!