മതവിദ്വേഷ പ്രസംഗം: പി.സി ജോർജ് അറസ്റ്റിൽ.


വിദ്വേഷ പ്രസംഗവിവാദത്തില്‍ കസ്റ്റഡിയിലെടുത്ത മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എ.ആര്‍ ക്യാമ്പിന് പുറത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പി.സി ജോര്‍ജിന്റെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പി സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പൊലീസുകാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തിയത്. യൂത്ത്‌ലീഗ് ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോര്‍ട്ട് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.