സഹോദരിമാരായ യുവതികളെ നടുറോഡിൽ മര്‍ദിച്ച സംഭവം: പ്രതിക്ക് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം


കൊച്ചി: തിരൂരങ്ങാടി – തേഞ്ഞിപ്പലത്ത് നടുറോഡിൽ സഹോദരിമാരായ യുവതികളെ മര്‍ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് മെയ് 19 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഈക്കാലയളവില്‍ പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇനി വേനലവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും. ഏപ്രില്‍ 16 ന് ദേശീയപാതയില്‍ തേഞ്ഞിപ്പലം പാണമ്പ്ര യിലായിരുന്നു കേസിനാസ്പദമായ സംഭവം.
പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെ തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീര്‍ നടുറോഡിലിട്ട് മര്‍ദിച്ചത്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന യുവതികൾ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം എന്നാണ് പരാതി.
പോലീസ് തങ്ങളുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ലെന്നും പിന്നീട് യുവതികൾ ആരോപിച്ചിരുന്നു.
മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പോലീസ് വീഴ്ച്ചവരുത്തി എന്ന് കാണിച്ച് യുവതികൾ എസ്പി അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. തുടർന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.