ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിൽ


തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നു നിരവധി കടകളുടെ ഗ്ലാസ് ഡോർ പൊളിച്ചു പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി. കോഴിക്കോട് കക്കോടി സ്വദേശി ജിഷ്ണു (19) എന്നയാളെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയുമാണ് തിരൂരങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖും സംഘവും പിടികൂടിയത്.
കോഴിക്കോട് ജില്ലയിൽ ഇത്തരം നിരവധി കേസുകളിൽ പ്രതികളായ ഇവർ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കവർച്ച നടത്തിയിരുന്നത്. കക്കാട് കരിമ്പിലിൽ വെച്ച് രാത്രിയിൽ സംശയാസ്പദമായി വാഹനവുമയി കണ്ട് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് കവർച്ചയെ കുറിച്ച് വെളിവായത്.
പൂക്കിപ്പറമ്പിലെ റെഡിമെയ്‌ഡ് ഷോപ്പിൻ്റെ ഗ്ലാസ്സ് പൊട്ടിച്ച് കവർച്ച, വി.കെ. പടിയിൽ സ്കൂട്ടർ മോഷണം, വെളിമുക്കിലെ ഫ്രൂട്സ് കടയിലും മോഷണം എന്നിവയും വെളിമുക്ക്, കരിമ്പിൽ എന്നിവിടങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതായും പ്രതികൾ സമ്മതിച്ചു.
കൂടാതെ കോഴിച്ചെനയിൽ 2 ഷോപ്പുകളിലും, കോട്ടക്കലിലെ രണ്ട് ഷോപ്പുകളിലും കയറി മോഷണം നടത്തിയതായും കണ്ടെത്തി. കോഴിക്കോട് ജില്ലയിലും നിരവധി കേസുകളിൽ ഇവർ പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകളിലെത്തി കടകളിൽ മോഷണം നടത്തി പിന്നീട് ബൈക്ക് ഉപേക്ഷിച്ച് പോവറാണ് പതിവ്.
എസ്‌ഐ മുഹമ്മദ് റഫീഖ്, അഡീ.എസ്.ഐ.മാരായ ശിവദാസൻ, രഞ്ജിത്ത്, പ്രൊബേഷൻ എസ്.ഐ. ജീഷ്മ, SCPO മുരളി, രാകേഷ്, CPO ജോഷി DANSAF അംഗങ്ങളായ വിപിൻ, ജിനേഷ് ,അഭിമന്യു, സബറുദ്ധീൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ റിമാൻഡ് ചെയ്യുകയും, പ്രായപൂർത്തി ആവാത്ത രണ്ടാം പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ മറ്റുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.