കോഴിക്കോട് വീണ്ടും ഷിഗെല്ല; ഏഴു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു


കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. എരഞ്ഞിക്കൽ സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. 20, 21 തീയതികളിലാണ് രോഗ ലക്ഷണം കണ്ടത്. മലത്തിൽ രക്തം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഇവരുടെ അയൽവാസിയായ മറ്റൊരു കുട്ടിക്കും രോഗ ലക്ഷണം കണ്ടു. കുട്ടി തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. രണ്ടു കുട്ടികൾക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഉറവിടം കണ്ടെത്താനായിട്ടില്ല.
ഷിഗെല്ല റിപ്പോർട്ട് ചെയ്തതിനാൽ മുൻകരുതലെന്ന നിലയിൽ പ്രദേശത്തെ 100 വീടുകളിലെ കിണറുകൾ ആരോഗ്യ വകുപ്പ് ക്ലോറിനേറ്റ് ചെയ്തു. പനി, വയറിളക്ക ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനായി സർവേയും നടത്തി. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.വി.മിഥുൻ ശശിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.