ജോലി പൂര്‍ത്തിയായിട്ടും പണം ലഭിച്ചില്ല, കെഎസ്ഇബി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി


പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ഇബി ഓഫീസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരനായ പി സുരേഷ് ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കുന്നില്ലെന്ന് സുരേഷ് ബാബു പറഞ്ഞു. പണം ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നാണ് ഭീഷണി.
ഇന്ന് രാവിലെ പത്തരയോടെയാണ് സുരേഷ് അഗളിയിലെ ഓഫീസിലെത്തിയത്. കരാര്‍ പ്രകാരം ഒരു കോടിയിലധികം തുക ലഭിക്കാനുണ്ടെന്നാണ് സുരേഷ് ബാബുവിന്റെ പരാതി. തുക കിട്ടിയില്ലെങ്കില്‍ തിരികെ പോകില്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ കോണിയിലെ ഗ്രില്ലില്‍ കയറില്‍ കെട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ഓഫീസിലെ ജീവനക്കാരാണ് സുരേഷിനെ പിടിച്ചുമാറ്റിയത്. മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മുമ്പ് പല തവണ പണം ചോദിച്ച് ചെന്നിട്ടും ബില്‍ പാസായില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. നാല്‍പത് വര്‍ഷത്തോളമായി ജോലികള്‍ ചെയ്യുന്നതാണ്. പണം ലഭിച്ചിട്ട് വേണം കടം വീട്ടാനെന്നാണ് സുരേഷ് പറഞ്ഞത്.
സംഭവത്തിന് പിന്നാലെ സുരേഷ് ബാബുവിന് പണം വേഗം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി അറിയിച്ചിട്ടുണ്ട്.