ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു


കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം (Amrita Vidyalayam) മാനേജ്മെന്‍റ് നടപടി സ്വീകരിക്കുകയായിരുന്നു.
ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്.
നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.