NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ക്ഷേത്രോത്സവങ്ങളില്‍ കൂടുതല്‍ അകമ്പടി ആനകള്‍ വേണ്ട; ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റു ചടങ്ങുകളിലും ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ അകമ്പടി ആനകളെ അനുവദിക്കേണ്ട എന്ന സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. അമ്പലപ്പുഴ സ്വദേശി പി. പ്രേമകുമാറാണ് ഹര്‍ജി നല്‍കിയത്.

ആനയെ എഴുന്നള്ളിക്കുമ്പോള്‍ കേരള നാട്ടാന പരിപാലനചട്ട പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പാപ്പാന് മൂന്ന വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം, ആനകള്‍ക്കെതിരെ ഉണ്ടാകുന്ന പീഡനങ്ങള്‍ പരിശോധിക്കാന്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ സമിതികള്‍ ഉണ്ടായിരിക്കണം എന്നൊക്കെയാണ് കേരള നാട്ടാന പരിപാലന ചട്ടത്തില്‍ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ എഴുന്നള്ളത്തിന് ആനകളുടെ എണ്ണം നിയന്ത്രിക്കാന്‍ 1998 ഒക്ടോബര്‍ 22നും 2000 ഒക്ടോബര്‍ 23നും ഉത്തരവുകളിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്സവങ്ങളില്‍ പതിവ് അനുസരിച്ചുള്ള ആനകളെ എഴുന്നള്ളിക്കാന്‍ മാത്രമാണ് അനുമതി നല്‍കൂകയുള്ളൂ. കൂടുതല്‍ ആനകളെ വേണമെന്നുണ്ടെങ്കില്‍ ചെലവ് കമ്മിറ്റിക്കാര്‍ വഹിക്കണമെന്നാണ് 1998ലെ ഉത്തരവില്‍ പറയുന്നത്. അതേ സമയം പതിവില്‍ കൂടുതല്‍ ആനകളെ അകമ്പടിക്കായി അനുവദിക്കില്ലെന്നാണ് 2000ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *