ലൗജിഹാദ് അസംബന്ധം; മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍ മാര്‍ക്കിത് എന്തുപറ്റി: കെ ടി ജലീല്‍


കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പുരോഹിതന്‍മാരെ വിമര്‍ശിച്ച് കെ ടി ജലീല്‍. ലൗജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് കെ ടി ജലീല്‍ പ്രതികരിച്ചത്.
നാട്ടിലെ ആവേശ കമ്മിറ്റിക്കാര്‍ പറയുന്നത് കേട്ട് മുന്‍പിന്‍ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത്യന്തം ദൗര്‍ഭാഗ്യകരമാണ്. രണ്ട് പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്സ്ന. ഷെജിന്‍ ജോയ്സ്നയെ അവരുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് പ്രസക്തി ഉണ്ടായേനെ എന്നും കെടി ജലീല്‍ പറഞ്ഞു.
വിഷയത്തില്‍ ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിന്റെ മതനിരപേക്ഷ ബോധം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദര്‍ഭോചിതം തടയിട്ട ഡിവൈഎഫ്‌ഐക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.