NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.പി.ഐ.എം മത ധ്രുവീകരണത്തിന് ശ്രമിക്കുന്നു, ലവ് ജിഹാദ് പരാമര്‍ശം നാക്കുപിഴയായി കാണാന്‍ സാധിക്കില്ല: മുസ്‌ലിം ലീഗ്

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. സി.പി.ഐ.എം കേരളത്തില്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നാണ് മുസ്‌ലിം ലീഗ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ. സലാം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലീഗ് സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ജോര്‍ജ് എം. തോമസിന്റേത് നാക്കു പിഴയായി കാണാന്‍ പറ്റില്ലെന്നും കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ലവ് ജിഹാദ് വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞതിനെ എങ്ങനെയാണ് കേവലം ഒരു നാക്കുപിഴയായി കണക്കാക്കുകയെന്നും സലാം ചോദിച്ചു.

ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും, എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നടക്കുന്ന താഴെ തട്ടിലുള്ള സമ്മേളനങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നുമുള്ള പരാമര്‍ശത്തില്‍ സി.പി.ഐ.എം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നേതാക്കളായ എ.എ. റഹീമോ മുഹമ്മദ് റിയാസോ വിവാഹം കഴിച്ചപ്പോള്‍ ജോര്‍ജ് എം. തോമസ് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടാവാനുള്ള കാരണം എന്താണെന്ന് മനസിലാവുന്നില്ലെന്നും സലാം പറഞ്ഞു.

സി.പി.ഐ.എം ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തനിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പറഞ്ഞ് ജോര്‍ജ് എം. തോമസും രംഗത്തെത്തിയിരുന്നു.

ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വിഷയം പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നലെ ഒരു ചാനലില്‍ ഞാന്‍ അങ്ങനെ പറഞ്ഞതായിട്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ലവ് ജിഹാദ് എന്ന് പറയുന്ന പദം ഞങ്ങളുടെതല്ല, ആര്‍.എസ്.എസ് ഉണ്ടാക്കിയിട്ടുള്ള വിഷയമാണ്. കേരളത്തില്‍ അങ്ങനെ പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.ഐ.എ അന്വേഷണ ഏജന്‍സിയുമെല്ലാം വ്യക്തമാക്കിയതാണ്. അതിനപ്പുറം ഞാന്‍ എന്ത് പറയാനാണ്. എന്നാല്‍ അങ്ങനെ തെറ്റിദ്ധരിക്കാവുന്ന വിധത്തിലാണ് സംഭാഷണം പുറത്ത് വന്നത്.

തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്ന വിധത്തില്‍ ആ കാര്യം അവതരിപ്പിക്കേണ്ടിയിരുന്നില്ല പിന്നീട് തോന്നിയിരുന്നു. അത് ഉണ്ടാക്കിയിട്ടുള്ള ഒരു വിവാദം ചില്ലറയല്ല. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞു എന്നുള്ള നിലയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അത് സമൂഹത്തില്‍ ആകെ വലിയ വിമര്‍ശനത്തിനും ഇടവന്നിട്ടുണ്ട്. എന്നെ നേരിട്ടും ഒരുപാട് പേര്‍ വിളിച്ചു. ഇന്ത്യക്ക് പുറത്ത് കുവൈറ്റിന്നും യു.എ.ഇയില്‍ നിന്നും അമേരിക്കയില്‍ നിന്ന് വരെ ആളുകള്‍ വിളിച്ചിരുന്നുവെന്നും ജോര്‍ജ്.എം.തോമസ് പറഞ്ഞു.

കോടഞ്ചേരിയില്‍ സി.പി.ഐ.എം ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലവ് ജിഹാദമാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ജോര്‍ജ് എം തോമസ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ജോര്‍ജ് എം. തോമസിനെ തള്ളി ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും നേരിട്ട് രംഗത്തെത്തിയിരുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികതയില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. വിഷയം വ്യക്തിപരമാണ്. പാര്‍ട്ടിയെ ബാധിക്കുന്നതല്ല. എന്നാല്‍ അവര്‍ ഒളിച്ചോടിയെന്ന് പത്രങ്ങള്‍ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.