NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഡപകടത്തില്‍ പെടുന്നവരെ രക്ഷിച്ചാല്‍ 5000 രൂപ; പദ്ധതി ഇനി കേരളത്തിലും

റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇനി മുതല്‍ സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമകുരുക്കുകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി കൊണ്ടുവന്നത്.

അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി വിവരം പൊലീസില്‍ അറിയിച്ചാല്‍, പൊലീസ് അയാള്‍ക്ക് ഔദ്യോഗിക രസീത് കൈമാറും. ഒന്നിലധികം പേര്‍ അപകടത്തില്‍പെടുകയും ഒന്നിലധികം പേര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയും ചെയ്താല്‍ രക്ഷപ്പെട്ട ഓരോരുത്തര്‍ക്കും 5000 രൂപ എന്നുകണക്കാക്കി രക്ഷിച്ച ഓരോ ആള്‍ക്കും പരമാവധി 5000 രൂപ നല്‍കും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേല്‍നോട്ട സമിതി പ്രതിമാസ യോഗം ചേര്‍ന്നു പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കും.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളുമായാണ് പദ്ധതിയുടെ സംസ്ഥാനതല മേല്‍നോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്. പാരിതോഷികം നല്‍കേണ്ടവരെ വിലയിരുത്താന്‍ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല സമിതികള്‍ വരും.

bb

Leave a Reply

Your email address will not be published. Required fields are marked *