NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.ഐ. ക്യാമറകള്‍ സ്ഥലം മാറി വരും; ‘രക്ഷപ്പെടല്‍ എളുപ്പമാകില്ല’, ഈ മാസം അവസാനത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും

സംസ്ഥാനത്ത് ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്ത് തന്നെ ഉണ്ടാകില്ല. സ്ഥലം മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇവ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം.

പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങള്‍ക്കനുസരിച്ച് ക്യാമറകള്‍ മാറ്റാനാകും. ഇവ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തീകരിച്ചാല്‍ സ്ഥാനംമാറ്റാന്‍ ബുദ്ധിമുട്ടില്ല. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും.

ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേഖലകള്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) മാറുന്നതനുസരിച്ച് ക്യാമറകള്‍ പുനര്‍വിന്യസിക്കാന്‍ കഴിയും. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും.

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം ക്യാമറകള്‍ കണ്ടെത്തും. അമിതവേഗം, സിഗ്‌നല്‍ ലൈറ്റ് ലംഘനം എന്നിവ പിടികൂടാന്‍ വേറെ ക്യാമറകളുണ്ട്. നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അക്കാര്യവും ക്യാമറ തന്നെ കണ്ടെത്തും.

പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിക്കപ്പെടും. ആംബുലന്‍സുകള്‍ക്കു പുറമെ, അടിയന്തരസാഹചര്യങ്ങളില്‍ പോലീസ്, അഗ്‌നിശമനസേനാ വാഹനങ്ങള്‍ക്ക് വേഗ നിയന്ത്രണത്തില്‍ ഇളവ് നല്‍കും. വി.വി.ഐ.പി.കളുടെ വാഹനങ്ങള്‍ക്കും സുരക്ഷാകാരണങ്ങളാല്‍ ഇളവ് നല്‍കും. ക്യാമറകള്‍ക്കായി 235 കോടി രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് മുടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *