NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്‌

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമുണ്ടായിയെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നീക്കം. കേസില്‍ തുടരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കുക.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. കോടതിയിലെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ന് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബൈജു പൗലോസ് എത്തിയത്. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.

ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാതി. തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published.