പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു; ആറു പേര്‍ പിടിയില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പ്രതീകാത്മക ചിത്രം

ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുമാരമംഗലം സ്വദേശിയായ ബേബി എന്നറിയപ്പെടുന്ന രഘു ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയി പലര്‍ക്കും കൈമാറുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കോട്ടയം, എറണാകുളം എന്നിങ്ങനെ പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
വിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം പുറത്തറിഞ്ഞത്. പതിനേഴുകാരിയായ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്.