എം.സി. ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും


കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായിരുന്ന എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കും. എ.കെ.ജി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എകെജി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം കൊച്ചിയിലെത്തിക്കും. രാത്രിയോടെയാകും മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തുക.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് നല്‍കും.
ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗമാണ്. 1978ല്‍ സിപിഐ എം അംഗത്വം. 1984ല്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി.