സ്റ്റാലിനെ പുകഴ്ത്തിയിട്ടില്ല; കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍: യെച്ചൂരി


കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിന് സംരക്ഷണം നല്‍കുമോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഭരണഘടന, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയുടെ സംരക്ഷണമാണ് മുഖ്യലക്ഷ്യം. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിന്റെ കൂടെ ചേരും. എല്ലാവരേയും ക്ഷണിച്ചിട്ടുണ്ട്. സഹകരിക്കണമോ വേണ്ടയോ എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം സ്റ്റാലിനെ പുകഴ്ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു. ബി ജെ പി ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും മികച്ചത് സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിക്കണം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മുഖ്യാതിഥി. കേന്ദ്രവും സംസ്ഥാനങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചാലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങളാണ് പ്രസംഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.