ആർ.എസ്.എസ്. പ്രവർത്തകന്റെ പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു.


പരപ്പനങ്ങാടി : ആർ.എസ്.എസ്. പ്രവർത്തകന്റെ പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി യാസർ അറാഫത്ത് (34) നെയാണ് അറസ്റ്റ് ചെയ്തത്. ചെട്ടിപ്പടി കുപ്പിവളവിൽ വെച്ച് രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെ കേസ്.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ മാസം ഉണ്ടായ സംഭവത്തിന് ശേഷം പ്രതിയായ യാസർ അറാഫത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂർ ജയിലിൽ റിമാന്റ് ചെയ്തു.
എ.എസ്.ഐ. ജയദേവൻ, പോലീസുകാരായ ജിനേഷ്, അഭിമന്യു, വിപിൻ , ഫൈസൽ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മാസങ്ങൾക്ക് മുമ്പ് മദ്രസ്സ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിയെ ആർ.എസ്.എസ് പ്രവർത്തകനും പരാതിക്കാരനുമായ രാമനാഥൻ അകാരണമായി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിയും ബന്ധുക്കളും ഇയാൾക്കെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും ഇയാൾക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് പരപ്പനങ്ങാടി പോലീസ് നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയിരുന്നതായും വിദ്യാർത്ഥിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയെ അടക്കം പോലീസ് ഭീഷണി പെടുത്തിയതായും ആരോപണം ഉയർന്നിരുന്നു.
തുടർന്നാണ് രാമനാഥൻ ആക്രമിക്കപെട്ടെന്ന് പറഞ്ഞ് പരപ്പനങ്ങാടി പോലീസിൽ ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകരെയും, വിദ്യാർത്ഥിയുടെ ബന്ധുവിനേയും പ്രതി ചേർത്ത് വധശ്രമത്തിനടക്കം കേസ് എടുക്കുകയായിരുന്നെന്നും .
എസ്.ഡി.പി.ഐ. പ്രവർത്തകർ ആരോപിച്ചു.