‘ചാമ്പിക്കോ’; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ


കണ്ണൂർ: അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഎം നേതാവ് പി ജയരാജനുമടക്കം ‘ചാമ്പിക്കോ’ വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ഇപ്പോള്‍ തരംഗം. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്. പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി സജി ചെറിയാനും പി പി ചിത്തരഞ്ജൻ എംഎൽഎയും അടക്കം ഫോട്ടോയും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.