പത്താം ക്ലാസ്സുകാരിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടി; 19 കാരൻ പിടിയിൽ


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സ്വർണവും പണവും തട്ടിയെടുത്ത പ്രതി കിളിമാനൂർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് എന്ന 19 കാരനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.
തോട്ടയ്ക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയുമായി പ്രതി സൗഹൃദം ഉണ്ടാക്കിയെടുക്കുകയും പെൺകുട്ടിയുടെ പക്കൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇതു പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ പി ഗോപിനാഥന്റ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ് പി സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ എസ് എച്ച് ഒ സനൂജ് എസ് ഐ വി ജിത്ത് കെ നായർ എ എസ് ഐ പ്രദീപ് കുമാർ സി പി ഒ മാരായ സുഭാഷ് മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതി കണ്ണൂർ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.