വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബുള്ളറ്റ് പിടികൂടി.
1 min read

തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ബുള്ളറ്റ് പിടികൂടി.
കോട്ടക്കൽ തോക്കാംപാറ വെച്ചാണ് വാഹനം പിടികൂടിയത്. KL.58 Z 1200 എന്ന നമ്പർ ബോർഡ് വെച്ച് വന്ന ബുള്ളറ്റ് അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൈകാണിച്ച് നിർത്തുകയും മൊബൈൽ ആപ്പിലെ വാഹന ഉടമയുടെ നമ്പറിൽ വിളിച്ചു ബന്ധപ്പെടുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിൻറെ വാഹനം തൻ്റെ കൈവശം തലശ്ശേരിയിൽ തന്നെ ഉണ്ട് എന്ന് അറിയിച്ചത്.
തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിൻ്റെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വാഹനത്തിൻ്റെ യഥാർത്ഥ നമ്പർ KL 55. AB. 1477 ആണെന്ന് കണ്ടെത്തി. ഉടമയെ ബന്ധപ്പെട്ടപ്പോൾ താനൂർ വെള്ളിയാമ്പുറം സ്വദേശിയുടെതാണെന്നും കോട്ടക്കൽ അമ്പലവട്ടം വെച്ച് മൂന്നാഴ്ച മുമ്പ് മോഷണം പോയതാണെന്നും അറിയിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ ഇയാൾ പരാതിയും നൽകിയിട്ടുണ്ട്. ഇതോട ബുള്ളറ്റും ഓടിച്ച വ്യക്തിയെയും കോട്ടക്കൽ പോലീസിന് കൈമാറി. എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ.ടി.ജി ഗോകുലിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ജയപ്രകാശ്, എ.എം.വി.ഐ. ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി. കക്കാട്. കോട്ടക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പർ വാഹന് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്നും, വാഹനപരിശോധന നടക്കുന്നത് മറ്റു വാഹനങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പ്രവണത കുറ്റവാളികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുമെന്നും എൻഫോഴ്സ്മെൻറ് കൺട്രോൾറൂം എം. വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്. അറിയിച്ചു.