മുവാറ്റുപുഴയില്‍ വീട് ജപ്തി ചെയ്ത സംഭവം; കടബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ


മുവാറ്റുപുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീടിന്റെ പ്രമാണം വീണ്ടെടുത്ത് കുടുംബത്തിന് നല്‍കുമെന്നും ഫെയ്‌സബുക്ക് ലൈവിലൂടെ അദ്ദേഹം അറിയിച്ചു.
പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ശനിയാഴ്ച ജപ്തി ചെയ്തത്. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് അജേഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വീട്ടില്‍ കുട്ടികള്‍ മാത്രമുള്ള സമയത്തെത്തിയ ബാങ്കുകാര്‍ അവരെ പുറത്തിറക്കിയ ശേഷം ജപ്തിനടപടികളിലേക്ക് കടക്കുകയായിരുന്നു.
ഉച്ചയോടെ ജപ്തി നടപടികളുമായി ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ സാവകാശം ചോദിച്ച് നാട്ടുകാര്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ എത്തിയ ശേഷം മാത്രമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് കൂട്ടാക്കാതെ ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി. പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും സംഭവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചതിന് ബാങ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നര ലക്ഷത്തോളം രൂപയാണ് കുടിശ്ശികയുള്ളത്. ഇതിന്റെ പേരിലാണ് നടപടി.
അതേ സമയം കുട്ടികളെ ആരും പുറത്താക്കിയിട്ടില്ലെന്നും ജപ്തി നടപടികള്‍ അപ്രതീക്ഷിതമല്ലായിരുന്നു എന്നും ബാങ്ക് ഭാരവാഹിയും സിപിഎം നേതാവുമായ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. അജേഷ് ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നടപടികള്‍ ഒഴിവാക്കുമായിരുന്നു. ഇപ്പോഴത്തെ സംഭവം എംഎല്‍എ ക്രിയേറ്റ് ചെയ്ത സീന്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.