NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡീസല്‍ തീര്‍ന്നു; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ശ്രീലങ്കയില്‍ ഒരിടത്തും നിലവില്‍ ഡീസല്‍ ലഭ്യമല്ലെന്നാണ് വിവരം. രാജ്യത്തെ ഡീസല്‍ ക്ഷാമം വലിയ പവര്‍കട്ടിലേക്ക് നയിക്കുമെന്നും ആശങ്കയുണ്ട്.

പെട്രോള്‍ വിതരണം നടക്കുന്നുണ്ടെങ്കിലും അതിനും ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന പ്രതിസന്ധി കടുത്തതോടെ ആളുകള്‍ വാഹനങ്ങള്‍ റോഡുകളില്‍ വരെ ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലുള്ള ബസുകളില്‍ നിന്നുള്ള ഇന്ധനം എടുത്താണ് മറ്റ് ബസുകളുടെ സര്‍വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു.

ഇന്ധന ക്ഷാമം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ 13 മണിക്കൂര്‍ പവര്‍ കട്ട് നടപ്പിലാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് വൈദ്യുതി വിതരണ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ ഡീസല്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പവര്‍ കട്ടിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകുമെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എം.സി ഫെര്‍ഡിനാന്‍ഡോ പറഞ്ഞു.

നീണ്ട പവര്‍ കട്ടുകള്‍ കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വ്യാപാരം രണ്ട് മണിക്കൂര്‍ വരെയാക്കി പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കി. പല ഓഫീസുകളും അത്യാവശ്യമല്ലാത്ത ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ക്ഷാമം മൊബൈല്‍ടവറുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു.

അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന നിരവധി ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി.

അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമവും രൂക്ഷമായ വിലക്കയറ്റത്തവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും, ഐ.എം.എഫില്‍ നിന്നും സഹായം തേടിയതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!