കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: രമേശ് ചെന്നിത്തല


തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് അന്വേഷണവും മറ്റ് അഴിമതി അന്വേഷണങ്ങളും അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാം സുതാര്യവും നിയമപരവുമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മറിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്?
തന്നിലേക്കും അന്വേഷണം വരുന്നു എന്നു കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് മനം മാറ്റം ഉണ്ടായത്. തങ്ങളുടെ അഴിമതികള്‍ പുറത്തു വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.
അഴിമതി മൂടി വയ്ക്കാന്‍ ധാര്‍മ്മികതയുടെ പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി അദ്ദേഹം സ്വയം എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കണം.
ഭരണത്തിന്റെ അവസാന നാളുകളില്‍ രാഷ്ട്രീയ പകപോക്കലിനായി യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നിരക്കെ കള്ളക്കേസുകള്‍ എടുക്കുകയാണ്. എനിക്കെതിരെ കേസെടുത്തു.
പി.ടി.തോമസ്, വി.ഡി.സതീശന്‍, കെ.എം.ഷാജി, വി.എസ്.ശിവകുമാര്‍ തുടങ്ങിയ മറ്റു നേതാക്കള്‍ക്കെതിരെയും കേസെടുത്തു. സ്വന്തം പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പിണറായിക്ക് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു എന്ന് പറയാന്‍ എന്തു ധാര്‍മ്മികാവകാശമാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ഞങ്ങള്‍ എന്ത് അഴിമതിയും നടത്തും അത് ആരും അന്വേഷിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്വേഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനുള്ള തെളിവ് ശേഖരമ പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അത് മുന്‍വിധിയുടെ അടിസ്ഥാനത്തലാവരുതെന്നും അങ്ങനെയായാല്‍ അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. വലിയ തമാശ തന്നെയാണ് മുഖ്യമന്ത്രിയുടെ ഈ പറച്ചില്‍. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ കാണിച്ച പരാക്രമം നാട്ടുകാര്‍ കണ്ടതല്ലേ?
സി.ബി.ഐ അന്വേഷണം വരുന്നെന്ന് കേട്ടപ്പോള്‍ തന്നെ അതിന് തടയിടാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും രായ്ക്ക് രാമാനം ഫയലുകള്‍ കടത്തുകയും ചെയ്തില്ലേ? നയതന്ത്ര പാഴ്‌സലുകളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ ഇരുന്നിരുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് തീപിടിച്ചതെങ്ങനെ?
ഷോര്‍ട്ട് സര്‍ക്യൂട്ടല്ല കാരണമെന്ന് ഫോറിന്‍സിക് അന്വേഷണത്തില്‍ തെളിഞ്ഞതല്ലേ? അപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ ആരാണ് തീവച്ചത്? അതിന്മേല്‍ അന്വേഷണം എന്തെങ്കിലും നടത്തിയോ? എന്നിട്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ അന്വേഷണത്തിന്റെ പവിത്രതയെക്കുറിച്ച് പ്രസംഗിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോയിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്നു കച്ചവടക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം പിടികൂടി ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് രോഷം വരുന്നത് സ്വാഭാവികമാണ്. അത് അദ്ദേഹം തുറന്നു പറായത്തത് എന്തുകൊണ്ടാണ്?
അന്വേഷണ ഏജന്‍സികളെ പുറത്തു നിന്നുള്ള ആളുകള്‍ നിയന്ത്രിക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി അത് ആരാണെന്ന് വ്യക്തമാക്കാത്തത് എന്തു കൊണ്ടാണ്? ആരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്? നരേന്ദ്ര മോദിയെന്നോ, അമിത് ഷായെന്നോ പറയാന്‍ മുഖ്യമന്ത്രി ഇത് വരെ തയ്യാറായിട്ടില്ല. അവരെ പിണറായി എന്തിനാണ് ഇത്ര പേടിക്കുന്നത് ?
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ബി.ജെ.പിയുടെ സഹായം ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ളത് പിണറായി വിജയനാണ്.
ലാവ്‌ലിന്‍ കേസ് ഇരുപത് തവണ മാറ്റിവച്ചതിന് പിന്നില്‍ സി.പി.എം ബി.ജെ.പി ധാരണയാണുള്ളത്. അതിനാലാണ് മോദിയുടെയും അമിത്ഷായുടെയും പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ വിജിലന്‍സ് കേസില്‍ പ്രതിയായതോടെ വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രി തുടര്‍ന്നും കൈകാര്യം ചെയ്യുന്നത് ശരിയല്ല. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടതാണ്.
ശിവശങ്കരന്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. അന്വേഷണ ഏജന്‍സികള്‍ വഴി തെറ്റുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് ആ ഏജന്‍സികള്‍ ഇവിടെ എത്തിയതെന്ന് മറക്കരുത്.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ താവളമാകുകയും വന്‍പദ്ധതികളുടെ മറവില്‍ കോടികളുടെ അഴിമതി നടത്തുകയും ചെയ്തതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇവിടെ അന്വേഷണം നടത്താന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി തന്നെയാണ് അവരെ ക്ഷണിച്ചു വരുത്തിയതും.
അല്ലാതെ ഇവയില്‍ മറ്റു ചില സംസ്ഥാനങ്ങളിലേത് പോലുള്ള രാഷ്ട്രീയ പകപോക്കല്‍ ഇല്ല.
കേന്ദ്ര അന്വേഷണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് മറ്റൊരു തമാശയായി മാത്രമേ കാണാനാവൂ.
സ്പ്രിംഗ്‌ളര്‍ അഴിമതി താന്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് ഇത് തന്നെയായിരുന്നു. ഒടുവില്‍ ആ ശിവശങ്കരന്റെ ആത്മവീര്യം കേരളം കണ്ടതാണ്.
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അഴിമതിയും കൊള്ളയും. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തില്‍ മയക്കു മരുന്നു കച്ചവടം.
ഈ അധോലോക ഭരണത്തിലെ ചെയ്തികളെക്കുറിച്ച് അന്വേഷണം വരുമ്പോള്‍ രാഷ്ട്രീയ പകപോക്കലെന്ന മുറവിളി കൂട്ടി രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.