ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം; ഗതാഗതമന്ത്രിയെ പിന്നോക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിന്‍


സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം നടത്തിയന്നെ ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗതാഗതമന്ത്രിയെ ചുമതലയില്‍ നിന്ന് മാറ്റി. ഗതാഗതമന്ത്രി ആയിരുന്ന ആര്‍ എസ് രാജകണ്ണപ്പനെ പിന്നോക്ക വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.രാജ്ഭവന്‍ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചത് കൊണ്ടാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദമാക്കുന്നത്. ഡിഎംകെ 2021 മേയില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണിത്.
രാമനാഥപുരം ജില്ലയിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്ന് മുഖ്യമമന്ത്രി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
നിരവധി ഉദ്യോഗസ്ഥര്‍ രാജകണ്ണപ്പനെതിരെ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്. രാജകണ്ണപ്പന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗതം, ദേശസാല്‍കൃത ഗതാഗതം, മോട്ടോര്‍ വാഹന നിയമം എന്നീ വകുപ്പുകളുടെ ചുമതല ഇനി മുതല്‍ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന മന്ത്രി എസ് എസ് ശിവശങ്കറിനാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.