NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ ഏപ്രിൽ 29 വരെ; ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ മാർച്ച്​ 30 മുതൽ ഏപ്രിൽ 26 വരെ 

 

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 31 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. മെയ് മൂന്ന് മുതല്‍ എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

4,26, 999 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 2962 സെന്ററുകളിലായാണ് പരീക്ഷ നടക്കുക. 4,32,436 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. 2005 പരീക്ഷ സെന്ററുകളാണ് ഇവര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും പരീക്ഷ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ നന്നാക്കാനായി ഡിജിറ്റല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനും തയാറാക്കും. ടി സി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പഠനവും മുടങ്ങില്ല. 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് മെയില്‍ പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

എല്‍കെജി, യുകെജി ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുക്കും. ഒന്നാം ക്ലാസില്‍ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വര്‍ഷം 5 വയസ്സായിരിക്കും. അടുത്ത വര്‍ഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Leave a Reply

Your email address will not be published.