NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഞ്ചേരി മെഡിക്കല്‍ കോളജ് : 110 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 11ന്..!

മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയോടനുബന്ധിച്ച്‌ 110 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ ഉദ്ഘാടന സജ്ജമായി. അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ലക്ഷ്യ ലേബർ റൂമുകള്‍, വൈറോളജി ലാബ്, സിടി സ്കാൻ യൂണിറ്റ്, റേഡിയോളജി ബ്ലോക്ക്, ഹോസ്റ്റല്‍ ബ്ലോക്ക്, ഓഡിറ്റോറിയം, ഇന്‍റേണല്‍ റോഡുകള്‍, വെയ്റ്റിംഗ് റും, പുതിയ പവർഹൗസ് തുടങ്ങി വിവിധ പദ്ധതികളാണ് പൂർത്തിയായത്.

ഇവയുടെ ഉദ്ഘാടനം ഈ മാസം 11ന് ആരോഗ്യ മന്ത്രി നിർവഹിക്കും.

സംസ്ഥാന സർക്കാർ അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ചാണ് ലക്ഷ്യ ലേബർ റൂം ഒരുക്കിയത്. ഗർഭിണികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യമന്ത്രാലയവും നാഷണല്‍ ഹെല്‍ത്ത് മിഷനും നടപ്പാക്കുന്ന പദ്ധതിയാണ് “ലക്ഷ്യ’.

വെന്‍റിലേറ്റർ സൗകര്യത്തോടെയുള്ള ഐസിയു, അത്യാധുനിക തിയേറ്റർ, ലേബർ റൂം, സെപ്റ്റിക് ലേബർ റൂം, ഓട്ടോ ക്ലേവ് റൂം, സ്റ്റെറൈല്‍ ആൻഡ് നോണ്‍ സ്റ്റെറൈല്‍ റൂം, ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

1.96 കോടി രൂപ ചെലവിട്ടാണ് വൈറോളജി ലാബ് സജ്ജീകരിച്ചത്. നിപ ഉള്‍പ്പെടെയുള്ള വൈറസ് ബാധ കണ്ടെത്തുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ബയോ സേഫ്റ്റി ലെവല്‍ -2 വൈറോളജി ലാബ് ഉപകരിക്കും.

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്‍റെ (ഐസിഎംആർ) അംഗീകാരമുള്ള ലാബില്‍ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരും ആധുനിക ഉപകരണങ്ങളും കണ്ടെയ്ൻമെന്‍റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയന്‍റിസ്റ്റ്, നോണ്‍ മെഡിക്കല്‍ സയന്‍റിസ്റ്റ്, റിസർച്ച്‌ അസിസ്റ്റന്‍റ്, ലാബ് ടെക്നീഷ്യൻ എന്നിവരുള്‍പ്പെടെ ഏഴ് ജീവനക്കാരാണ് ലാബിലുള്ളത്.

രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് പരിശോധന. അടിയന്തര പ്രാധാന്യമുള്ള സാന്പിളുകള്‍ ഉടൻ പരിശോധിച്ച്‌ റിസള്‍ട്ട് നല്‍കും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, അധ്യാപക-അനധ്യാപക ഹോസ്റ്റലുകള്‍, ഇന്‍റേണല്‍ ഹോസ്റ്റല്‍, ഓഡിറ്റോറിയം ഉള്‍പ്പെടെ 103 കോടി ചെലവിട്ട് ആറ് കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്.

അധ്യാപക-അനധ്യാപക ക്വാർട്ടേഴ്സുകളും മികച്ച സൗകര്യത്തോടെയാണ് ഒരുക്കിയത്. ബേസ്മെന്‍റില്‍ പാർക്കിംഗ്, തറനിലയില്‍ ഓഫീസ്, മുകള്‍നിലയില്‍ ഓഡിറ്റോറിയം എന്നിങ്ങനെ മൂന്ന് നിലകളിലായി ഒരുക്കിയ ഓഡിറ്റോറിയത്തില്‍ ഒരേ സമയം 600 പേർക്ക് ഇരിക്കാനാകും. 10 കോടി രൂപയാണ് നിർമാണ ചെലവ്. 1.10 കോടി രൂപ ചെലവിട്ടാണ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റേഡിയോളജി ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. 45,000 ചതുരശ്ര അടിയുള്ള ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് എംആർഐ യന്ത്രം സ്ഥാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *