NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അതിഥിത്തൊഴിലാളികളുടെ മരണം; കാരണം ശ്വാസകോശത്തിൽ വെള്ളം കയറിയത്; അവ്യക്തത; ശാസ്ത്രീയ പരിശോധന വേണമെന്ന്; ഒരാളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും..!

അരീക്കോട് ഉർങ്ങാട്ടിരി വടക്കുംമുറിയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലെ മലിനജല സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് അതിഥിത്തൊഴിലാളികളിൽ രണ്ടുപേരുടെ മരണകാരണം ശ്വാസകോശത്തിൽ വെള്ളംകയറിയതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

 

അസമിലെ ബക്‌സുവിൽ പടപ്പാറ തമുൽപുർ സ്വദേശി ഹിതേഷ് സരണിയ(46), ബിഹാർ സീതാമർഹി മഹേസ്യയിലെ വികാസ് കുമാർ(29) എന്നിവരുടെ മൃതദേഹങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്‌തത്‌. മറ്റൊരു തൊഴിലാളി അസം ഗോയൽപുര റൗക്കോവ സമദ് അലിയുടെ(20) മൃതദേഹം ബന്ധുക്കൾ എത്താത്തതിനാൽ പോസ്റ്റുമോർട്ടം ചെയ്തില്ല.

 

ഓക്സിജൻ സാന്നിധ്യം കുറവുള്ള ടാങ്കിലെ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം തൊഴിലാളികൾ മരിച്ചതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച സൂചനകളൊന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായില്ല. ശരീരത്തിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം ഉണ്ടോയെന്നു കണ്ടെത്താൻ വിശദമായ ശാസ്ത്രീയപരിശോധന വേണമെന്നും ഇതിനായി ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ഫൊറൻസിക് ലാബിലേക്ക് അയച്ചതായും മെഡിക്കൽ കോളേജ് ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി.

 

രണ്ടു മൃതദേഹങ്ങളിലും മുറിവുകളോ സംശയാസ്പദമായ മറ്റെന്തെങ്കിലുമോ കണ്ടെത്താനായില്ല. എന്നാൽ ടാങ്ക് വൃത്തിയാക്കാൻ അതിനുള്ളിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് തൊഴിലാളികൾ നൽകിയ മൊഴി. മാത്രമല്ല, തൊഴിലാളികളുടെ അരയ്ക്കുതാഴെ മാത്രമേ ടാങ്കിൽ വെള്ളമുണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. ഈ സാഹചര്യത്തിൽ മൂന്നുപേർ എങ്ങനെയാണ് ടാങ്കിൽ അകപ്പെട്ടതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

 

കോഴിക്കോട്ടെ ഫൊറൻസിക് ലാബിൽനിന്നുള്ള ശാസ്ത്രീയപരിശോധനാ റിപ്പോർട്ടും കമ്പനിയിലെ സുരക്ഷാസാഹചര്യങ്ങളും വിലയിരുത്തി മാത്രമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.

ഹിതേഷ് സരണിയയുടെയും വികാസ് കുമാറിന്റെയും മൃതദേഹം വൈകീട്ട് മൂന്നുമണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്കുകൊണ്ടുപോയി. സമദ് അലിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *