11കാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും 2.5 ലക്ഷം പിഴയും


പരപ്പനങ്ങാടി : പതിനൊന്നുകാരിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വള്ളിക്കുന്ന് ആനയാറങ്ങാടിയിലെ താരോള്‍ വീട്ടില്‍ മഹേഷി (48) നെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എ. ഫാത്തിമബീവി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികമായി കഠിന തടവ് അനുഭവിക്കണം. 2017 ജൂലൈ നാലിന് 7.30 ഓടെയാണ് സംഭവം.
ആനയാറങ്ങാടിയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പരപ്പനങ്ങാടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സന്തോഷ് കുമാര്‍, സി. അലവി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 20 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമാ മാലിക് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ സ്വപ്നാ രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. ഇയാളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.